ടിപ്പുസുല്‍ത്താന്‍ ചരിത്രം വിസ്മരിച്ച പരിഷ്‌കര്‍ത്താവ്

ടിപ്പുസുല്‍ത്താന്‍ ചരിത്രം വിസ്മരിച്ച പരിഷ്‌കര്‍ത്താവ്

 
 
 
 
 
 
ടിപ്പുസുല്‍ത്താന്റെ നെഞ്ചിലേക്ക് വെള്ളപ്പട്ടാളം വെടിയുതിര്‍ത്തിട്ട് 213 സംവത്സരങ്ങള്‍
പൂര്‍ത്തിയായിരിക്കുന്നു. 1799 മെയ് 4-നാണ് മൈസൂര്‍ കേന്ദ്രീകരിച്ച് നീണ്ട 15 വര്‍ഷം അധിനിവേശ വിരുദ്ധ
പോരാട്ടം നയിച്ച ആ ധീരദേശാഭിമാനി രക്തസാക്ഷിയായത്. സുല്‍ത്താന്റെ ധീരസാഹസിക സാമ്രാജ്യത്വവിരുദ്ധ
പോരാട്ടങ്ങള്‍ക്ക് മേല്‍ വര്‍ഗീയതയുടെ സ്റ്റിക്കറൊട്ടിച്ച് കൊളോണിയല്‍ പാരമ്പര്യം പേറുന്ന
ചരിത്രമെഴുത്തുകാര്‍ അദ്ദേഹത്തെ ബോധപൂര്‍വം വിസ്മൃതിയിലാഴ്ത്താന്‍ ഗൂഡാലോചന
നടത്തുകയായിരുന്നു. സവര്‍ണ മേല്‍കോയ്മയുടെ ഫ്യൂഡല്‍ മനസ്ഥിതിയുള്ള നമ്മുടെ ഭരണ-സാംസ്‌കാരിക
നേതൃത്വം ഔദ്യോഗിക ചരിത്ര മുഫ്തിമാരുടെ ഫത്‌വ പിന്‍പറ്റി സ്വാതന്ത്ര്യപോരാളികളുടെ പട്ടികയില്‍നിന്ന്
സുല്‍ത്താനെ എന്നന്നേക്കുമായി പടിയടച്ച് പിണ്ഡം വെക്കുകയും ചെയ്തു. ജീവിതത്തിന്റെ സിംഹഭാഗവും വെള്ളക്കാരുടെ
അരുതായ്മകള്‍ക്കൊപ്പം നിന്ന്; ഒടുവില്‍ തങ്ങളുടെ സിംഹാസനത്തിന് ഇളക്കം തട്ടിയപ്പോള്‍ മാത്രം ബ്രിട്ടീഷ് വിരുദ്ധരായിത്തീര്‍ന്ന
സവര്‍ണ നാട്ടുരാജാക്കന്മാരെല്ലാം ദേശീയ ബിംബങ്ങളായി വാഴ്ത്തപ്പെട്ട ഔദ്യോഗിക ചരിത്രം കൂടി ഈ സെന്‍സര്‍ഷിപ്പിനോടൊപ്പം
ചേര്‍ത്തുവായിച്ചാല്‍ വര്‍ഗീയതയുടെ തിമിരം പിടികൂടിയത് ആര്‍ക്കാണെന്ന് അനായാസം ബോധ്യപ്പെടും.
 
കൊളോണിയല്‍ പ്രേതബാധയേല്‍ക്കാത്ത വായനകളും ചരിത്രാന്വേഷണങ്ങളും ശക്തിപ്പെട്ടു വരുന്ന വര്‍ത്തമാനകാലത്ത് സുല്‍ത്താന്റെ
ജീവിതവും പോരാട്ടവും മുന്‍വിധികളില്ലാതെ വിശകലന വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരകോര്‍ജമായും
ആധുനിക ഭരണപരിഷ്‌കാരങ്ങളുടെ ഉപജ്ഞാതാവായും സുല്‍ത്താന്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പ്രതീകമാണ് ടിപ്പുസുല്‍ത്താന്‍. ഇവിടുത്തെ മറ്റ് രാജാക്കന്മാരും പ്രഭുക്കന്മാരും മണ്ണിനും പെണ്ണിനും
വേണ്ടി മരിച്ചപ്പോള്‍ ഒരാദര്‍ശത്തിന്റെ ആള്‍ത്താരയില്‍ ‘ഞാന്‍ കീഴടങ്ങുകയില്ല’ എന്ന ഓംകാര നാദത്തോടെ അല്ലാഹു അക്ബര്‍ എന്ന
മന്ത്രവാക്യത്തോടെ ആത്മത്യാഗം ചെയ്ത ടിപ്പുസുല്‍ത്താന്‍ പിന്നീട് തന്റെ വഴിയില്‍ കടന്നുവന്ന ഝാന്‍സിറാണി ലക്ഷ്മി ഭായിക്കും
താന്തിയോതോപ്പിക്കും നാനാസാഹിബിനും എല്ലാം ഒരു പ്രേരകശക്തിയായി മാറി. ചരിത്രത്തിന്റെ നിയോഗം ഏറ്റെടുത്ത ആ മഹാനെ
ചരിത്രകാരന്മാര്‍ എന്തെന്തു വ്യാഖ്യാനങ്ങളിലൂടെ വിലയിരുത്തിയാലും ആ ആത്മത്യാഗം ഒരു ജനതയുടെ കണ്ണില്‍ ഇന്നും നക്ഷത്ര
ഗോളങ്ങളിലെ അനന്തമായ പ്രകാശവര്‍ഷം പോലെ അനശ്വരമായ തേജസ്സ് ചൊരിയുന്നു. അത് ഇന്ത്യയുടെ ആത്മാഭിനത്തിന്റെ
പ്രകാശമായിരുന്നു.”(നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം, കെ.കെ.എന്‍ കുറുപ്പ് പേജ് 166).
 
അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരികളിലൊരാള്‍ എന്ന പതിവു ചരിത്രമെഴുത്തിന്റെ
നാലുവരികളില്‍ ഒതുക്കാവുന്നതല്ല ടിപ്പുവിന്റെ ജീവിതം. ഇന്ത്യന്‍ സമൂഹത്തിന് ആധുനിക ഭരണപരിഷ്‌കരണങ്ങളുടെ മാതൃക
സമര്‍പ്പിക്കുകയും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹിക നവോത്ഥാനങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്ത
പരിഷ്‌കര്‍ത്താവായിരുന്നു ടിപ്പുസുല്‍ത്താന്‍. കേരളീയ നവോത്ഥാനത്തിലെ രണ്ട് സുപ്രധാന ഏടുകളായ
അയിത്താചാരങ്ങള്‍ക്കെതിരെയുള്ള സാമൂഹിക മുന്നേറ്റവും ഭൂപരിഷ്‌കരണ നിയമവും സുല്‍ത്താനോട് ഏറെ കടപ്പെട്ടു
നില്‍ക്കുന്നതാണ്. ഇടതുപക്ഷം ഏറെ കൊട്ടിഘോഷിച്ച ‘കൃഷി ഭൂമി കര്‍ഷകന്’ എന്ന വിപ്ലവ മുദ്രാവാക്യം പോലും ടിപ്പുവില്‍നിന്ന്
കടമെടുത്തതാണെന്ന് പലപ്രമുഖരും നിരീക്ഷിച്ചിട്ടുണ്ട്.
 
ജന്മിമാരുടെയും ഇടനിലക്കാരുടെയും പിടിച്ചുപറിയില്‍ മുതുകൊടിഞ്ഞിരുന്ന മലബാറിലെ കര്‍ഷകരെ നിവര്‍ന്നുനില്‍ക്കാന്‍ ആദ്യമായി
സഹായിച്ചത് ടിപ്പു നടപ്പിലാക്കിയ ഭൂ-കാര്‍ഷിക നയങ്ങളായിരുന്നു. മൈസൂര്‍ ഭരണത്തെ ബ്രിട്ടീഷുകാര്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍
കേരളമടക്കമുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം തന്നെ മറ്റൊരുവിധമാകുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാം
നേടിയെടുത്ത സാമൂഹിക-കാര്‍ഷിക മുന്നേറ്റങ്ങള്‍ ടിപ്പുവിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമുക്ക് ലഭിക്കുമായിരുന്നു. സുല്‍ത്താന്‍
മലബാറിലടക്കം നടപ്പിലാക്കിത്തുടങ്ങിയ പുരോഗമനപരമായ എല്ലാവിധ പരിഷ്‌കരണങ്ങളും അദ്ദേഹത്തിന്റെ മരണശേഷം
ബ്രിട്ടീഷുകാര്‍ റദ്ദുചെയ്യുകയായിരുന്നു. ടിപ്പുവിന് മുമ്പുള്ള പഴയ ഫ്യൂഡല്‍ നിയമങ്ങള്‍ പുനഃസ്ഥാപിച്ച് ബ്രിട്ടീഷുകാര്‍ മലബാറടക്കമുള്ള
പ്രദേശങ്ങളെ ഇരുണ്ടയുഗത്തിന്റെ പിന്നിലേക്ക് വീണ്ടും തള്ളിയിട്ടു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് വീണ്ടുമൊരു
തിരിച്ചുവരവിന് നമുക്ക് സാധിച്ചത്. ഭൂപരിഷ്‌കരണം നടപ്പിലാക്കിയ ഇടതുപക്ഷ ഗവണ്‍മെന്റ് സുല്‍ത്താന്റെ ഭൂ-കാര്‍ഷിക നയങ്ങളുടെ
മാതൃകയിലാണത് വികസിപ്പിച്ചെടുത്തത്. ജന്മിത്വ നാടുവാഴി ഭൂസമ്പ്രദായത്തിന് പകരം സുല്‍ത്താന്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണങ്ങള്‍
പരിശോധിച്ചാലത് കൂടുതല്‍ വ്യക്തമാവും.
 
ടിപ്പുവിന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിഖാനാണ് മൈസൂരില്‍ ഭൂ-കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടത്.
ജന്മിനാടുവാഴികളില്‍നിന്നും കര്‍ഷകരെയും കൃഷിഭൂമികയെയും സംരക്ഷിക്കാന്‍ പര്യാപ്തമായ ഭൂവിതരണ സമ്പ്രദായം
സ്ഥാപിച്ചുകൊണ്ടായിരുന്നു ഹൈദരലിഖാന്റെ പരിഷ്‌കരണങ്ങളുടെ തുടക്കം. ഇതിന്റെ തുടര്‍ച്ചയും വികാസവുമാണ് ടിപ്പുവിന്റെ
കാലത്ത് നടന്നത്. കൃഷിക്ക് മുഖ്യപരിഗണന നല്‍കുന്ന നയമാണ് ഭരണത്തിന്റെ തുടക്കം മുതലേ സുല്‍ത്താന്‍ സ്വീകരിച്ചത്. കാര്‍ഷിക
മേഖല ശക്തിപ്പെടുത്താന്‍ പുതിയ നിയമങ്ങളും നയങ്ങളും രൂപീകരിച്ചു. 1788-ല്‍ ടിപ്പു ആമില്‍ദാര്‍മാര്‍ക്കയച്ച നിര്‍ദേശത്തില്‍ ഈ നയം
തെളിഞ്ഞുകാണാം. ”കൃഷിയാണ് നാടിന്റെ ജീവരക്തം. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ നാട് സമൃദ്ധവും ഫലഭൂയിഷ്ടവുമായ
പ്രതിഫലം നല്‍കുന്നു. ഈ ഭൂനിയമത്തിലെ 127 വ്യവസ്ഥകളും നിങ്ങള്‍ ഉടനടി നടപ്പില്‍ വരുത്തണം. വിശേഷിച്ചും കലപ്പകള്‍
വാങ്ങാനുദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് പണം വായ്പ നല്‍കുക, ആളുകള്‍ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കാന്‍ നടപടികളെടുക്കുക,
കൃഷിക്കാരനും അയാളുടെ അനന്തരാവകാശികള്‍ക്കും സംരക്ഷണം നല്‍കുക, കരിമ്പ്, വെറ്റില, നാളികേരം തുടങ്ങിയ കൃഷി
ചെയ്യുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുക, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ഓരോ ഗ്രാമത്തിനും 200 വീതം നട്ടുവളര്‍ത്താന്‍
പ്രോത്സാഹിപ്പിക്കുക.”
 
ഫ്യൂഡല്‍ ഭൂ-കാര്‍ഷിക സമ്പ്രദായമാണ് കാര്‍ഷിക മേഖലയുടെ മുരടിപ്പിന്റെ മൂലകാരണമെന്ന് സുല്‍ത്താന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.
അന്ന് നിലവിലുണ്ടായിരുന്ന ഭൂനിയമങ്ങള്‍ അടിമുടി അദ്ദേഹം പൊളിച്ചെഴുതി. സുല്‍ത്താന്റെ അധികാര പരിധിയിലുണ്ടായിരുന്ന
മലബാറിലെ കര്‍ഷകരും ഈ പരിഷ്‌കരണങ്ങളുടെ ഗുണഭോക്താക്കളായിരുന്നു. ഭൂമി ജന്മാവകാശമായി അനുഭവിച്ചാസ്വദിച്ചിരുന്ന
ജന്മിനാടു ഈ നയങ്ങള്‍ മൂലം സുല്‍ത്താനെതിരെ തിരിഞ്ഞു വന്നത് മറ്റൊരു ചരിത്രമാണ്. കാലങ്ങളായി തങ്ങളനുഭവിച്ചിരുന്ന
സുഖസൗകര്യങ്ങള്‍ക്കറുതി വരുത്തിയ ടിപ്പുവിനെ സൈനികമായി എതിരിടാനുള്ള ത്രാണി അവര്‍ക്കില്ലായിരുന്നു.
സുല്‍ത്താനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വര്‍ഗീയ കഥകള്‍ പ്രചരിപ്പിച്ചാണ് അവര്‍ സായൂജ്യമടഞ്ഞത്. പിന്നീട്, ടിപ്പുസുല്‍ത്താനില്‍
ശക്തനായ എതിരാളിയെ കണ്ട ബ്രിട്ടീഷുകാര്‍, ഭിന്നിപ്പിച്ച ഭരിക്കുകയെന്ന കുടിലതന്ത്രത്തിന്റെ ഭാഗമായി ഈ കഥകള്‍ക്ക് ചരിത്ര ഭാഷ്യം
നല്‍കുകയായിരുന്നു. റീഡ് മൈക്കല്‍ എന്ന കുപ്രസിദ്ധ കൊളോണിയല്‍ ചരിത്രകാരനാണ് പ്രഥമമായി ടിപ്പുസുല്‍ത്താനെ സംബന്ധിച്ച
കള്ളക്കഥകള്‍ എഴുതിയുണ്ടാക്കിയത്. റീഡ് മൈക്കലിന്റെ രേഖകള്‍ പിന്തുടര്‍ന്ന് വര്‍ഗീയ പക്ഷ പാതികളായ ഇന്ത്യന്‍ ചരിത്രകാരന്മാര്‍
ടിപ്പുവിനെ വര്‍ഗീയവാദിയും മതഭ്രാന്തനും ക്ഷേത്രധ്വംസകനുമാക്കി ചാപ്പ കുത്തുകയായിരുന്നു.
 
ജാതിയധിഷ്ഠിതമായ ഭൂനിയമങ്ങളെ പൊളിച്ചെഴുതാന്‍ ധീരത കാണിച്ചതാണ് ടിപ്പുവിന്റെ പേരില്‍ പ്രചരിച്ച ദേശദ്രോഹ കഥകളുടെ
പിന്നാമ്പുറ കാരണം. ജന്മിമാര്‍ ചുമത്തിയ പലവിധ പാട്ടമിച്ചവാരണങ്ങളില്‍ ബന്ധനസ്ഥനായിരുന്ന കര്‍ഷകരെ അതില്‍നിന്ന് മോചിപ്പിച്ച്
ഭൂമിയുടെ പൂര്‍ണാവകാശികളാകുന്നതായിരുന്നു സുല്‍ത്താന്റെ നിയമങ്ങള്‍. ഭൂമിയുടെ വിസ്തീര്‍ണമനുസരിച്ച് ചുമത്തപ്പെട്ടിരുന്ന
നികുതി ഉല്‍പാദനത്തിന്റെ തോതനുസരിച്ചാക്കി. തരിശുനിലം കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നവര്‍ക്ക് ആ ഭൂമി സൗജന്യമായി പതിച്ചു
നല്‍കി. വിളവിന് നാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും കര്‍ഷകര്‍ക്ക് ഭരണകൂട ആശാസങ്ങള്‍
ഉറപ്പ് വരുത്തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കര്‍ഷകരെ തുടര്‍ന്നും പീഡിപ്പിക്കാനൊരുമ്പെട്ട ജന്മിമാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കി.
കര്‍ഷകരെ ദ്രോഹിച്ച ചില ജന്മിമാരെ ആ കര്‍ഷകര്‍ക്കൊപ്പം ഭൂമിയില്‍ പണിയെടുക്കുവാന്‍ കല്‍പിച്ചാണ് ഒരിക്കല്‍ ടിപ്പു അവര്‍ക്കുള്ള
ശിക്ഷ നടപ്പിലാക്കിയത്.
 
ടിപ്പുവിന്റെ ഭരണപരിഷ്‌കരണങ്ങള്‍ കാര്‍ഷിക മേഖലയില്‍ മാത്രമൊതുങ്ങുന്നതല്ല. മലബാറിലേക്കുള്ള തന്റെ രണ്ടാം വരവിലാണ്
ഇവിടെ നിലനിന്നിരുന്ന സാമൂഹികാന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരെ സുല്‍ത്താന്‍ നിലപാട് പ്രഖ്യാപിച്ചത്. മലബാറിലന്ന്
നിലവിലുണ്ടായിരുന്ന സാമൂഹികാഴിമതികളും മരുമക്കത്തായവും തെറ്റായ വിവാഹസമ്പ്രദായങ്ങളും ഉച്ചനീചത്വങ്ങളും
തുടച്ചുനീക്കാന്‍ സുല്‍ത്താന്‍ നടപടികളാരംഭിച്ചു. നായര്‍ സ്ത്രീകളുടെയും മറ്റും ബഹുഭര്‍തൃത്വരീതി അവസാനിപ്പിക്കാന്‍ അദ്ദേഹം
ഉത്തരവിട്ടു. പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ കഴിവില്ലാത്തതാണ് ഈ രീതിയുടെ കാരണമെങ്കില്‍ അവര്‍ക്ക്
ഖജനാവില്‍നിന്ന് സാമ്പത്തികസഹായം നല്‍കണമെന്നും സുല്‍ത്താന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നായന്മാര്‍ അധഃകൃത
വര്‍ഗത്തിന്റെ നേരെ കൈകൊണ്ടിരുന്ന ഐത്താചാരത്തെയും നിയമം മൂലം നിരോധിച്ചു. സ്ത്രീകള്‍ മാറു മറയ്ക്കാനും കുപ്പായം
ധരിക്കാനും അനാചാരങ്ങള്‍ ഒഴിവാക്കാനും കല്‍പന പുറപ്പെടുവിച്ചു. ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഈ
പരിഷ്‌കരണങ്ങളെല്ലാം പില്‍ക്കാലത്ത് ഒരു മുസ്‌ലിം ഭരണാധികാരിയുടെ വര്‍ഗീയ നിലപാടുകളുടെ ഉത്തമോദാഹരണങ്ങളായാണ്
സവര്‍ണ ദേശീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്തരം ബഹുമുഖ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ട ടിപ്പു കൈവെക്കാത്ത മേഖലകള്‍
കുറവായിരുന്നുവെന്ന് കെ.കെ.എന്‍ കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ”തികച്ചും ഹ്രസ്വമായ തന്റെ ഭരണകാലയളവില്‍ ആധുനികമായ
പല ഭരണനയങ്ങളും സുല്‍ത്താന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. ജമീന്ദാരികളും ജാഗിര്‍ദാരികളും ഇനാം ദാരികളും അവസാനിപ്പിച്ച് കൊണ്ട്
ഭൂപ്രഭുത്വത്തെ ഒരളവോളം ഇല്ലാതാക്കാനും റയറ്റുവാരിയിലേക്കുള്ള കാര്‍ഷിക പരിഷ്‌കരണത്തിന് അടിത്തറയിടാനും തരിശുഭൂമികള്‍
ജലസേചനം വഴി ഉല്‍പാദനമുണ്ടാക്കുന്നതിനായി നികുതി ഇളവ് ചെയ്യാനും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
 
ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ആധുനികതയിലേക്ക് ഉറ്റുനോക്കാനും ആധുനികഗ്രന്ഥശേഖരണമുണ്ടാക്കാനും
വിദേശവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ദേശീയ ഉദ്യാനം ഉണ്ടാക്കാനും പുതിയ ഇരുമ്പുശാലകളും വ്യവസായ ശാലകളും
നിര്‍മിക്കാനും സൈന്യത്തെ നവീകരിക്കാനും വിദേശങ്ങളില്‍ ഫാക്ടറി സ്ഥാപിക്കാനും എന്നു വേണ്ട അദ്ദേഹത്തിന്റെ പ്രതിഭ ബഹുമുഖ
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു (അതേ പുസ്തകം പേ. 10)
യൂറോപ്യന്‍ ആയുധ നിര്‍മാണരീതിയോട് കിടപിടിക്കുന്ന ആധുനിക ഫാക്ടറികളാണ് യുദ്ധ സാമഗ്രികള്‍ക്കായി സുല്‍ത്താന്‍ സ്ഥാപിച്ചത്.
ഇവിടെനിന്ന് വികസിപ്പിച്ചെടുത്ത മിസൈലിന്റെ നിര്‍മാണ വൈദഗ്ധ്യം പിന്നീട് യൂറോപ്പില്‍ പോലും ഗവേഷണ വിഷയമായിത്തീര്‍ന്നു.
ഇന്ത്യന്‍ ഭരണാധികാരികളും ശാസ്ത്രജ്ഞന്മാരും അവഗണിച്ച സുല്‍ത്താന്റെ മിസൈല്‍ സാങ്കേതിക വിദ്യ ആദരിക്കപ്പെടേണ്ടതും
സംരക്ഷിക്കപ്പെടേണ്ടതുമായിരുന്നുവെന്ന് ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രശസ്ത റോക്കറ്റ്-മിസൈല്‍ ഡിസൈനിംഗ് വിദഗ്ധന്‍ എ.പി.ജെ
അബ്ദുല്‍കലാം തന്റെ ആത്മകഥയില്‍ പരിതപിക്കുന്നുണ്ട് ”നാസയുടെ അന്തരീക്ഷ നിരീക്ഷണത്തിനുള്ള ‘സൗണ്ടിംഗ് റോക്കറ്റ്
പ്രോഗ്രാമിന്റെ പ്രധാനസ്ഥലം. ഇവിടത്തെ സ്വീകരണ മുറിയില്‍ വളരെ പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു വര്‍ണചിത്രം ഞാന്‍
കണ്ടു. അന്തരീക്ഷത്തില്‍ ഏതാനും റോക്കറ്റുകള്‍ ചീറിപ്പായുന്ന ഒരു യുദ്ധരംഗമാണ് അതില്‍ ചിത്രീകരിച്ചിരുന്നത്. ഒരു
വ്യോമകേന്ദ്രത്തില്‍ സ്ഥാപിക്കാവുന്ന സാധാരണചിത്രം. എന്നാല്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്, അതിലെ റോക്കറ്റ് വിക്ഷേപകരായ
സൈനികര്‍ വെള്ളക്കാരായിരുന്നില്ല, പ്രത്യുത ദക്ഷിണ ഏഷ്യന്‍ വംശജരുടെ ഛായയുള്ള ഇരുണ്ട നിറക്കാരായിരുന്നു എന്നതാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം ജിജ്ഞാസ വര്‍ധിച്ചപ്പോള്‍ ഞാനാചിത്രം അടുത്തു ചെന്നു നോക്കി. ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന
ടിപ്പുസുല്‍ത്താന്റെ സൈന്യമായിരുന്നു അതില്‍. ടിപ്പുവിന്റെ സ്വന്തം നാട്ടില്‍ വിസ്മരിക്കപ്പെട്ട ഒരു വസ്തുത ഇതാ ഭൂഗോളത്തിന്റെ
 
എതിര്‍വശത്തുള്ള ഒരു രാജ്യത്ത് ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നു. റോക്കറ്റ് യുദ്ധ സങ്കേതത്തിലെ വീരനായ ഒരു ഭാരതീയനെ നാസ
ഇപ്രകാരം ആദരിച്ചത് എന്നെ അഭിമാന പുളകിതനാക്കി” (അഗ്നിചിറകുകള്‍ – എ.പി.ജെ അബ്ദുല്‍ കലാം പേജ് 57,58).
 
മുന്‍വിധിയുടെ വര്‍ഗീയ കണ്ണടകള്‍ മാറ്റിവെച്ച് സമ്പന്നമായ പൈതൃകങ്ങളെ തിരിച്ചറിയുവാനും ആദരിക്കാനും നമ്മുടെ രാഷ്ട്രീയ-
സാംസ്‌കാരിക നേതൃത്വങ്ങള്‍ക്ക് ഇനിയുമെന്നാണ് സാധിക്കുക.
 
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s